App logo

devi_sreedevi_

@devi_sreedevi_

180

friends

Kavitha❤️kadha ഞണ്ടുകൾ വേരു പടർത്തുമ്പോൾ അങ്ങനെ ഉമ്മറത്തിരുന്നു മുടിചീകുംമ്പോഴാണത് കണ്ടത്. കഴുത്തിനു താഴെയുള്ള കറുത്ത കാക്കപ്പുള്ളിവിത്തിൽ നിന്നും നിശാഗന്ധി പോലൊരു ചെടി പൊട്ടിമുളച്ചിരിക്കുന്നു! മുഖത്തോട് ചേർന്ന് വേരു പടർത്തി, അവ മൂക്കിനുതാഴെ രണ്ട് കുഞ്ഞു ഇലമുളച്ചി വിരിയിച്ചു. രാത്രി മാത്രം വിരിയുന്ന പൂക്കൾ, കണ്ണുകൾക്കു മീതെ വെള്ളെഴുത്ത് പോലെ പടർന്നു പൂത്തു. മുലകൾക്കുള്ളിലോട്ട് ആഴ്ന്നിറങ്ങിപ്പോയ വേരുകൾക്ക് വലിച്ചെടുക്കാൻ കാലം തന്ന കണ്ണീരുപ്പും കാത്തിരിപ്പും മാത്രം. എന്നിട്ടും, ഞണ്ടിറുക്കുമ്പോലൊരു നെഞ്ച് വേന നൽകുന്നതാര്? നീയോ? അവനോ? ന്റെ കാക്കാപ്പുള്ളിച്ചെടിയേ ... പ്രതീക്ഷയുടെ അമ്പിളിക്കല രാകി മിനുക്കി, ഒരൊറ്റക്കൊത്തിനു നിന്റെ വേരുകൾ ഞാൻ അറുത്തിടട്ടേ ? അപ്പോത്തെറിച്ച കഷ്ണമൊരെണ്ണം തീപ്പൊരി ചിന്തിപ്പടർന്നാലോ? അവ എന്റെ മുടിവേരുകളെ കരിച്ചു മൊരിച്ചു എന്റെ തലയൊരു  കുമിള പോലെ മഴവില്ലു വിരിയിക്കും. അങ്ങനെ മൊട്ടച്ചിയായി ഉമ്മറത്തിരിക്കുമ്പോൾ മുല പിഴുതുമുറിച്ച നങ്ങേലിപ്പെണ്ണൊരുത്ത്യോള് ഇതുവഴി വന്നെന്നോട് ചോദിക്കും, "പൂതത്തെ ക്കണ്ടവരുണ്ടോ ? ഇന്റെ പൂതത്തെ ക്കണ്ടവരുണ്ടോ ?" ന്റെ കാക്കാപ്പുള്ളിച്ചെടിയേ... ആപ്പെണ്ണുങ്ങക്ക് ഞാൻ നിന്നെ കാട്ടിക്കൊടുക്കും. എത്ര അറുത്തുമാറ്റിയിട്ടും എന്നെ വിട്ടു പോകാത്തൊരു ഉണ്ണിമറുകിനെക്കണ്ട് അവറ്റക്ക് കുശുമ്പിളകും. അതു കണ്ടെന്റെ മനസ്സ് ഞണ്ടിറുക്കും പോലെ വേനിക്കും. ശ്രീദേവി നമ്പ്രാണത്ത്.